ന്യൂഡൽഹി: നിയമവിരുദ്ധമായ കൂറുമാറ്റം മുന്നിൽക്കണ്ട് താക്കറെ ക്യാന്പിലെ മുതിർന്ന എംപിമാർ ലോക്സഭാ സ്പീക്കർ ഓം ബിർളയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി.
ഏഴ് എംപിമാർ കൂറുമാറ്റത്തെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് ഉദ്ധവ് താക്കറെ വിഭാഗത്തിലെ ലോക്സഭാ എംപിമാരായ അരവിന്ദ് സാവന്ത്, അനിൽ ദേശായി, രാജ്യസഭാ എംപി സഞ്ജയ് റൗത്ത് എന്നിവർ നിയമവിരുദ്ധമായ കൂറുമാറ്റങ്ങൾ തടയണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച നിവേദനവും എംപിമാർ സ്പീക്കർക്കു കൈമാറി.
മൂന്നിൽ രണ്ട് എംപിമാരുടെ പിന്തുണയുണ്ടെങ്കിൽപ്പോലും ഒരു ഗ്രൂപ്പിനു മാത്രമായി മറ്റൊരു പാർട്ടിയിൽ ലയിക്കാൻ നിയമം അനുവദിക്കുന്നില്ല. മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിൽ ഔദ്യോഗിക പാർട്ടിക്കു മാത്രമേ ലയനം സാധ്യമാകൂവെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.
വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നത് സ്പീക്കറാണെന്നും കൂടിക്കാഴ്ചയ്ക്കുശേഷം അനിൽ ദേശായി പറഞ്ഞു. നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ ഏതൊരു തീരുമാനവുമെടുക്കൂ എന്ന് സ്പീക്കർ ഉറപ്പു നൽകിയതായും നേതാക്കൾ വ്യക്തമാക്കി.